ഗുരു ദൈവമാണോ?
ജീവന്‍ ജോബ് തോമസ്
Which is more important, the guru or you?
You are more important than I, more important than any teacher, any savior, any slogan, any belief, because you can find truth only through yourself, not through another. When you repeat the truth of another, it is a lie.
- Jiddu Krishnamurti
ഒരിക്കല്‍ അദ്ധ്യാപകന്‍ പറഞ്ഞ കാര്യത്തെ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു.
“I know you are a rebel.”
അതിനു ഞാന്‍ എന്ത് മറുപടി പറയും?
“Only if you expect slavery from me”
എന്നതിനപ്പുറം നല്ലതും ആത്മാര്‍ത്ഥവും ആയ ഒരു മറുപടി വേറെ ഇല്ല എന്ന് എനിക്ക് തോന്നി. പക്ഷെ അത് പറയാന്‍ പറ്റുമോ? തുറന്നു പറയാന്‍ പറ്റാത്ത ഒരു നൂറു അഭിപ്രായങ്ങള്‍ കൊണ്ടല്ലെ ശിഷ്യന്‍ ഗുരുവിനെ ഉള്‍ക്കൊണ്ടിരിക്കുന്നത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ബാഗ് തോളിലിട്ടു സ്റ്റാഫ് റൂമില്‍ അദ്ധ്യാപകന് മുന്നില്‍ നില്‍ക്കുമ്പോള്‍ കസേരയില്‍ ഇരുന്ന അദ്ധ്യാപകന്‍ തന്റെ ചൂണ്ടുവിരല്‍ കൊണ്ട് ബാഗ് തോളില്‍ നിന്നൂരിമാറ്റാന്‍ ആംഗ്യം കാണിച്ചു. കാര്യം മനസിലാകാതെ പകച്ചു നിന്ന എന്നോട് കൂടെ നിന്ന കൂട്ടുകാരനാണ് ശബ്ദം കുറച്ച് ചെവിയില്‍ പറഞ്ഞു തന്നത്, ബാഗ് ഊരി കയ്യില്‍ പിടിക്ക് എന്ന്. ബാഗ് ഊരി രണ്ടു കയ്യും കൂട്ടി മുന്നില്‍ പിടിച്ചു നിന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ പതിയെ മുതുക് അറിയാതെ വളയുന്നത് ഞാന്‍ അറിഞ്ഞു. പഴയ കാലത്ത് മേല്‍ ജാതിക്കാരന് മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ കീഴ്ജീതിക്കാരന്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്ത് എടുത്തു കൈയ്യില്‍ പിടിച്ചു കുമ്പിട്ടു നില്‍ക്കണമായിരുന്നു. അടിമകള്‍ എപ്പോഴും സ്വന്തം താഴാഴ്മ അവരുടെ ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ബാധ്യസ്തരായിരുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരം അടിമയുടെ ആ ശരീരഭാഷയെ നിര്‍വചിച്ചിട്ടുണ്ട്. ഓരോ അദ്ധ്യാപകനും തന്റെ വിദ്യാര്‍ത്ഥിയില്‍ നിന്നും ആ ശരീരഭാഷ പ്രതീക്ഷിക്കുന്നു.
സിന്ധൂ നദീതട സംസ്കാരത്തില്‍, 2500BC യ്ക്കും 1500BCയ്ക്കും ഇടക്കുള്ള കാലം മുതല്‍ ദാസന്മാര്‍ നമ്മുടെ സംസ്കാരത്തെ അവരുടെ വിനയാന്വിതമായ വണങ്ങി നില്‍പ്പുകൊണ്ട് പരിപോഷിപ്പിച്ചു വളര്‍ത്തി. അവര്‍ സ്വന്തം പേരുകള്‍ എങ്ങും കൊത്തിവയ്ക്കാതെ കൊട്ടാരങ്ങള്‍ പണിതു, മരിച്ചുകഴിഞ്ഞാല്‍ ആരും ഓര്‍ക്കില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ചരിത്രത്തിന്റെ കാല്‍പ്പനിക ഭാവങ്ങളെ പ്രശോഭിപ്പിച്ച് നില്‍ക്കുന്ന ശവകുടീരങ്ങള്‍ പണിതു. ഉടമകള്‍ക്ക് വേണ്ടി ഭക്ഷണമുണ്ടാക്കി അവര്‍ പട്ടിണി കിടന്നു. വര്‍ഗത്തിന്റെയും ജാതിയുടെയും ഒക്കെ അളവുകള്‍ കൊണ്ട് ചരിത്രപരമായി നിലനിന്നിരുന്ന അടിമത്തത്തെ നമുക്ക് അടയാളപ്പെടുത്താം. അടിമത്തത്തിനെതിരെ ഉള്ള സമരങ്ങള്‍ മനുഷ്യ ചരിത്രത്തിലെ ഏറ്റവും തീക്ഷണങ്ങളായ മുന്നേറ്റങ്ങള്‍ ആയിരുന്നു. സത്യത്തില്‍ അടിമത്തത്തിന് വലിയ പ്രത്യേകതയൊന്നും കല്പ്പിക്കേണ്ടതില്ല എന്ന് തോന്നും വിധത്തിലാണ് മനുഷ്യ സമൂഹത്തിലുള്ള അതിന്റെ വ്യാപനം. മനുഷ്യ സംസ്കാരത്തിന്റെ ആരംഭം മുതല്‍ ഇരുപതാം നൂറ്റാണ്ടു വരെ അത് പലതരങ്ങളിലായി നിലനില്‍ക്കുന്നു. ഏറ്റവും പ്രാകൃതം എന്ന് വിളിക്കവുന്നതില്‍ മുതല്‍ ഏറ്റവും പരിഷ്കൃതം എന്ന് വിളിക്കാവുന്നതില്‍ വരെ. അത്തരത്തിലുള്ള ഒരു വ്യവസ്ഥ നിലനില്‍ക്കാത്ത ഒരു ഭൂപ്രദേശം പോലും മനുഷ്യര്‍ ജീവിച്ചതായി ഭൂമിയില്‍ ഇല്ല. ഏതെങ്കിലും തലമുറയില്‍ അടിമയുടെയോ ഉടമയുടെയോ വംശാവലിയില്‍ പെടാത്ത ഒരു മനുഷ്യനും ഇന്ന് ഭൂമിയില്‍ ജീവിക്കുന്നില്ല.
തിരുവിതാംകൂറില്‍ ഗൗരി ലക്ഷ്മി ഭായിയുടെ കാലത്ത് 1812-ലും കൊച്ചിയില്‍ ദിവാന്‍ നഞ്ചപ്പയുടെ നേതൃത്വത്തില്‍ 1821-ലും അടിമത്വം നിരോധിച്ചു. എന്നിട്ടും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും കേരളത്തിലെ വിവിധ അടിമ വര്‍ഗങ്ങള്‍ അതൊന്നും അറിയാതെ അടിമകളായി പണി എടുത്തു കൊണ്ടിരുന്നു. ഉത്തരവിറക്കിയ ഭരണകൂടം തന്നെ അവരെകൊണ്ട് പണിയെടുപ്പിക്കാന്‍ നേതൃത്വം നല്‍കി. കൊല്ലാന്‍ പോലും ഉള്ള അധികാരത്തോടെ ഉടമകള്‍ വലിയ ഒരു ജനതയെ സ്വന്തം ഇഷ്ട്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് ധരിച്ച് വശായി ജീവിതം ആസ്വദിച്ചു. നിലവില്‍ വന്ന നിയമത്തെ പ്രായോഗികമായി സ്ഥാപിച്ചെടുക്കാന്‍ നടന്ന വ്യത്യസ്തങ്ങളായ അനേകം ശ്രമങ്ങള്‍ കേരളത്തിലുടനീളം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളില്‍ വരെ നടന്നു പോന്നു. ഞാന്‍ ആരുടെയും അടിമയല്ല, സ്വന്തം ജീവിതത്തെ സ്വയം നിര്‍ണ്ണയിക്കാന്‍ കരുത്തുള്ള ഒരു മനുഷ്യ ജീവിയാണെന്ന് ഒരു വലിയ ജനത തിരിച്ചറിഞ്ഞത് നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തിലെ എല്ലാവരും തിരിച്ചറിയേണ്ട ഏടുകളാണ്. മതപരിവര്‍ത്തനത്തിന്റെയും മനുഷ്യത്വപരതയുടെയും രാഷ്ട്രീയബോധത്തിന്റെയും ഒക്കെ വേരുകള്‍ നമുക്ക് ആ ശ്രമങ്ങളില്‍ കണ്ടെത്താം.
രാഷ്ട്രീയമായോ സാമൂഹികമായോ അടിമത്തം നമുക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നില്ല എന്ന് നമുക്ക് വിശദീകരിക്കാനാകും. ജാതിയുടെ പിന്‍ബലത്തില്‍ നിലനിന്നിരുന്ന അടിമത്തത്തെ നമ്മള്‍ തുടച്ചു മാറ്റിക്കഴിഞ്ഞു എന്ന് നിങ്ങള്ക്ക് വേണമെങ്കില്‍ പ്രസംഗിക്കാം. പക്ഷെ, ഓരോ അദ്ധ്യാപകന്റെയും മുന്നില്‍ ഭവ്യതയോടെ, മുതുക് അല്‍പ്പം വളച്ച്, ഭാവിയില്‍ ഗുരുത്വത്തിന്റെ അനുഗ്രഹത്താല്‍ ഉണ്ടാകാന്‍ പോകുന്ന നല്ല ജീവിതത്തെ സ്വപ്നം കണ്ടും ഗുരുശാപത്താല്‍ ഉണ്ടാകാന്‍ പോകുന്ന അരക്ഷിതാവസ്ഥയെ ഭയന്നും നിന്നപ്പോഴൊക്കെ ജാതിയുടെയും വര്‍ഗത്തിന്റെയും അതിരുകളൊന്നുമില്ലാതെ അടിമയുടെയും ഉടമയുടെയും മനസ് നമ്മുടെ സാമൂഹിക വ്യവഹാരങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് തോന്നിക്കൊണ്ടിരുന്നു. വിദ്യാര്‍ത്ഥിയുടെ കുപ്പായം അഴിച്ച് വച്ച് അദ്ധ്യാപകന്റെ വേഷത്തില്‍ നിന്നപ്പോഴോക്കെ മുന്നില്‍ വന്നു നില്‍ക്കുന്ന കുട്ടികളില്‍ താഴാഴ്മയുടെ ആ ശരീരഭാഷ കാണാത്തപ്പോള്‍ എനിക്ക് അസ്വസ്തത വന്നു. അവര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അഹങ്കാരത്തിന്റെ വിത്തുകളെ തിരഞ്ഞു പിടിച്ച് ഞാന്‍ അസ്വസ്ഥനായിട്ടുണ്ട്. ആ അസ്വസ്ഥതകള്‍ സ്വന്തം വ്യക്തിത്വം സ്വയം പ്രഖ്യാപിക്കുന്ന ഒരടിമയെ കാണുമ്പോള്‍ ഒരു ഉടമയ്ക്കുണ്ടാകുന്ന ഭയമല്ലാതെ മറ്റെന്താണ്?
അദ്ധ്യാപനത്തിന്റെ രംഗത്ത് മാത്രം നിലനില്‍ക്കുന്ന ഒരു പ്രതിഭാസമല്ല ഇത്. ആധുനിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ അടിമത്തം നേരിട്ട് പഴയ അടിമത്തത്തിന്റെ രൂപ ഭാവങ്ങളോടെ തന്നെ നിലനില്‍ക്കുന്ന പല ഇടങ്ങളും ഉണ്ട്. മനുഷ്യക്കടത്തും ലൈംഗികത്തോഴിലും കുട്ടികളെ കൊണ്ടുള്ള വീട്ടുവേലയും ഒക്കെ വ്യാപാരത്തിന്റെയും ശാരീരിക പീഢനത്തിന്റെയും ഒക്കെ തലങ്ങളില്‍ നിന്നുകൊണ്ട് അടിമത്തം ഭൂമിയില് നിന്നും അപ്രത്യക്ഷമായിട്ടില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രത്യക്ഷമായ ഇത്തരം അടിമത്ത രൂപങ്ങള്‍ നമ്മുടെ വര്‍ത്തമാനകാല ചര്‍ച്ചകളില്‍ പലപ്പോഴും ഇടം നേടാറുമുണ്ട്. പക്ഷെ വളരെ ചര്ച്ചചെയ്യപ്പെടുകയും വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്യുന്ന ചില സംഗതികള്‍ അടിമ-ഉടമ വ്യവഹാരത്തിന്റെ മനശാസ്ത്രത്തെ മുന്‍നിര്‍ത്തി തിരിച്ചറിയാന്‍ നാം ശ്രമിക്കാറില്ല. അത്തരം ശ്രമങ്ങള്‍ ആ പ്രശ്നങ്ങളെ കുറിച്ച് നമുക്ക് കൂടുതല്‍ ആഴത്തില്‍ ഉള്ള കാഴ്ചപ്പാടുകള്‍ തരും. ഒരു ഉദാഹരണം പറയാം.
ഇന്ത്യയിലെ ഐ ടി /ബി പി ഒ മേഖലയില്‍ നിന്നുള്ള ഒരു സ്ഥിതിവിവര പഠനം പറയുന്നത് അതില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ 88 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഢനത്തിന് ഇരയാകുന്നുണ്ട് എന്നാണ്. (ട്രന്സ്ഫോര്‍മിംഗ് ഇന്ത്യ എന്ന നോണ്‍ പ്രോഫിറ്റ് സംഘടന നടത്തിയ പഠനം. The Hindu, 12/11/2010). ഈ പഠനം പറഞ്ഞുതരുന്ന വളരെ കൗതുകകരമായ ഒരു കാര്യം, ഈ പറഞ്ഞ സംഭവങ്ങളില്‍ 72 ശതമാനവും മേലുദ്യോഗസ്ഥര്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരോട് ചെയ്യുന്നതാണ്. ഒരു മേലുദ്യോഗസ്ഥനും കീഴില്‍ ജോലി ചെയ്യുന്ന ആളും തമ്മില്‍ നിലനില്‍ക്കുന്ന മനശാസ്ത്രം എന്താണെന്നു വായിക്കാന്‍ സഹായിക്കുന്ന ഒരു വിവരമാണിത്. തന്റെ കീഴില്‍ ജോലിചെയ്യുന്ന ഒരാളുടെ ജീവിതത്തിന്റെ സകല വൈകാരിക മേഖലയിലും തനിക്ക് അധികാരമുണ്ടെന്ന് ഓരോ മേലുദ്യോഗസ്ഥനും തങ്ങളുടെ ഉപബോധത്തില്‍ വിശ്വസിച്ചിരിക്കുന്നതായി നമുക്ക് ഇതില്‍ നിന്നും വായിക്കാനാകും. ഇത് ഐ ടി മേഖലയില്‍ നിന്നുള്ള അനുഭവങ്ങളെ മാത്രം മുന്‍നിര്‍ത്തി വന്ന ഒരു പഠനമാന്. പക്ഷെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സകല മേഖലകളിലും ഔദ്യോഗികമായി മുകളില്‍ നില്‍ക്കുന്നവര്‍ തങ്ങള്‍ക്കു കീഴിലുള്ളവരുടെ ജീവിതത്തിനു മേല്‍ ഇങ്ങനെ തന്നെ അധിക്കാരം പ്രയോഗിക്കുന്നത് കാണാം. സര്‍ക്കാര്‍ സംവിധാനത്തിലും സ്വകാര്യ തലങ്ങളിലും ആയി നിലനില്ക്കുന്ന ഏതു തൊഴില്‍ മേഖലകളിലും നമുക്ക് ഈ ബലാബലം കാണാം. കുടുംബം തന്നെ അടിമത്തത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ആണ് നിലനിക്കുന്നത്. പാരമ്പര്യ കുടുംബ വ്യവസ്ഥ ഒരു തരത്തില്‍ സ്ത്രീയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ പുരുഷന്റെ അടിമയായിട്ടാണല്ലോ.
ഓരോ മനുഷ്യനും തന്റെ താഴെ തട്ടില്‍ ഔദ്യോഗികമായി നിലനില്‍ക്കുന്നര്‍ക്ക് മേലെ ഈ പറഞ്ഞ ബലം പ്രയോഗിക്കുകയും തനിക്ക് മേലെ ഉള്ളവരില്‍ നിന്നും ഇത്തരം ഇടിച്ചുതാഴ്തലുകള്‍ സ്വീകരിക്കാന്‍ നിരന്തരം തലകുമ്പിട്ട് നില്‍ക്കുകയും ചെയ്യും. മുകള്‍ തട്ടില്‍ നില്‍ക്കുന്നയാളാണ് തന്റെ ജീവിതത്തിന്റെ നിലനില്‍പ്പിന് ആധാരം എന്ന തോന്നല് ഓരോ മനസിലും ആഴത്തില്‍ വേരോടിയിരിക്കുന്നത് നമുക്കു തിരിച്ചറിയാനാകും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓരോ മനസിലും ഓരോ അടിമയും ഉടമയും ഉണ്ടെന്നു കാണാം. ജോസഫ് കാമ്പെല്‍ പറയുന്നത് മിത്തോളജികളെ മനശാസ്ത്രപരമായി വിശകലനം ചെയ്താല്‍ നമ്മുടെ മനസിലെ അഗാധമായ പല ഗര്ത്തങ്ങളെയും അദ്രശ്യമായി നിലനില്‍ക്കുന്ന പല പര്‍വ്വതങ്ങളെയും നമുക്ക് തിരിച്ചറിയാനാകും എന്നാണ്. അത്ഭുത വിളക്കില്‍ നിന്നും അടിമയായി ഭൂതത്തെ ലഭിച്ച അലാവുദീന്റെ കഥ നമുക്ക് ഇക്കാര്യത്തില്‍ പ്രയോജനകരമാണ്. ഓരോ മനുഷ്യനും ജീവിതത്തില്‍ തന്റെ ഇഷ്ട്ടങ്ങള്‍ സാധിച്ച് തരാനും തന്റെ അധികാരത്തിനു കീഴെ എന്തും ചെയ്യാനും തയ്യാറായ ഒരടിമയെ ഉള്ളിന്റെ ഉള്ളില്‍ കൊതിക്കുനുണ്ട്. സ്വന്തം അധികാരത്തെ ഏതെങ്കിലും ഒക്കെ രീതികളില്‍ തന്റെ സഹജീവികള്‍ക്ക് മുന്നില്‍ സ്ഥാപിച്ചെടുക്കുമ്പോള്‍ മാത്രമാണ് ഓരോ വ്യക്തിയുടെയും മാനസികമായ വ്യക്തിത്ത്വം പൂര്‍ണമാകുന്നത്. അത്തരത്തില്‍ മനുഷ്യന്റെ അടിസ്ഥാന മാനസിക ഭാവത്തെ സംതൃപ്തി പെടുത്തുന്ന ഒരു ഘടകത്തെ ഉപയോഗപ്പെടുത്തികൊണ്ടാണ് അടിമത്ത വ്യവസ്ഥിതി മനുഷ്യ സമൂഹങ്ങളില്‍ നിലനിന്നു പോന്നത്. നിയമങ്ങള്‍ കൊണ്ട് നിരോധിച്ചാലും, മനുഷ്യത്തത്തെ കുറിച്ച് എത്ര വലിയ പ്രസംഗങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തിയാലും, ഒരിക്കലും തൂത്താല്‍ പോകാത്തമാട്ടില്‍ ചില മാനസിക വഴികള്‍ അടിമത്തത്തെ വ്യത്യസ്ത രൂപഭാവങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ പാകത്തിന് നമുക്കുള്ളില്‍ ബാക്കി കിടക്കുന്നുണ്ട്. ആധുനിക ജീവിതത്തിലെ വ്യത്യസ്ത വ്യവഹാരങ്ങളെ അടിമ-ഉടമ മനോഭാവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വായിക്കുന്നത് നമ്മുടെ സമൂഹത്തെ കൂടുതല്‍ ജനാധിപത്യപരമായ ഇടപെടലുകള്‍ക്ക് പ്രാപ്തമായ മനസുകള്‍ രൂപപ്പെടുത്താന്‍ സഹായിക്കും.
ഗുരു നമ്മുടെ സംസ്കാരത്തില്‍ ദൈവമാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള സ്ഥാനം. ആയിരം സൂര്യന്മാരും ചന്ദ്രന്മാരും ഒരുമിച്ചു വിരിഞ്ഞാലും നമ്മുടെ ഉള്ളില്‍ നിന്നും അകന്നു പോകുന്നതല്ല അജ്ഞാനത്തിന്റെ ഇരുട്ട്. ഒരു ഗുരുവിന്റെ കാരുന്ന്യം കൊണ്ട്, അനുഗ്രഹം കൊണ്ട് മാത്രം അകറ്റപ്പെടുന്നതാണ് അത് എന്ന് നമ്മുടെ സംസ്കാരം നമ്മെ നൂറ്റാണ്ടുകളിലൂടെ പഠിപ്പിച്ചുകൊണ്ടിരുന്നു. എത്രമാത്രം പാശ്ചാത്യവല്ക്കരിക്കപ്പെട്ടതാണ് നമ്മുടെ വിദ്യാഭ്യാസ രീതി എങ്കിലും അടിസ്ഥാനപരമായി ഗുരു-ശിഷ്യ പാരമ്പര്യത്തിന്റെ ബലത്തില്‍ രൂപം കൊണ്ടിരിക്കുന്നതാണ് നമ്മുടെ ജ്ഞാന വ്യവസ്ഥ. അതില്‍ ഗുരുവിനു മുന്നിലുള്ള പൂര്‍ണ്ണമായ ബഹുമാനം, വിനയം, അനുസരണ, സമര്‍പ്പണം എന്നിവ കൊണ്ട് മാത്രമാണ് ഒരുവന് ജ്ഞാന സമ്പാദനത്തിലൂടെ അവന്റെ ഉള്ളില്‍ ഉറഞ്ഞു കൂടിക്കിടക്കുന്ന ഇരുട്ടിനെ അകറ്റാനാവുക. തികച്ചും ഏകപക്ഷീയമായ ഒരു സമര്‍പ്പണം ആണത്. ശിഷ്യന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനത്തിന്റെ ഭാഷ ഒരു തരത്തിലും ആ തത്ത്വശാസ്ത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അറിവ് പൂര്‍ണ്ണമായ അധികാരത്തെ സാധ്യമാക്കുന്ന അവസ്ഥയാണ് ഇന്ത്യന്‍ ഗുരു-ശിഷ്യ ബന്ധത്തില് നമുക്ക് കണാനാവുക. ബുദ്ധ ദര്‍ശനങ്ങളില്‍ അദ്ധ്യാപകന് ഗുരുവിന്റെ അത്ര അപ്രമാദിത്യപരമായ ഒരു പദവി നല്‍കാതെ ആത്മീയമായ ഒരു സുഹൃത്തായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്. എങ്കിലും പ്രായോഗിക തലത്തില്‍ ഹിന്ദു തത്ത്വസംഹിതയുടെ നിലയില്‍ തന്നെ ആണ് അതും എത്തിച്ചേരുന്നത് എന്ന് കാണാനാകും. ഇത്തരം ഒരു സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നുമാണ് ആധുനിക വിദ്യാഭ്യാസ രീതിയിലെ അദ്ധ്യാപകന്‍ തന്റെ നിലനില്‍പ്പിനുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരിക്കുന്നത്. അറിവ് കൊണ്ട് സമ്പൂര്‍ണ്ണനായി തീര്‍ന്ന് ചോദ്യം ചെയ്യലില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തമാക്കപ്പെട്ട അദ്ധ്യാപകനും അറിവില്ലായ്മയുടെ സമ്പൂര്‍ണ്ണ ശൂന്യതയാല്‍ പൂര്‍ണ്ണമായും നിരായുധനാക്കപ്പെട്ടവുനായ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകത്തെ നിര്‍മിച്ചിരിക്കുന്നു. തന്റെ ഉടമയുടെ ഏത് ഇഛയ്ക്കും അനുസരിച്ച് എന്ത് പണിയും എടുക്കാന്‍ ബാധ്യസ്ഥനായ ഒരു അടിമയുടെ അവസ്ഥയില്‍ നിന്നും എന്തൊക്കെ ന്യായങ്ങള്‍ കൊണ്ടാണ് നിങ്ങള്ക്ക് ഒരു വിദ്യാര്‍ത്ഥി മനസിനെ രക്ഷിച്ചു നിര്‍ത്താനാവുക?
അദ്ധ്യാപനത്തെ കുറിച്ചുള്ള പഠനത്തെ നാം പെഡഗോഗി (pedagogy) എന്ന് വിളിക്കും. അദ്ധ്യാപനത്തിന്റെ രീതികള്‍, അതില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, ഇവയെ ഒക്കെ ആണ് പെഡഗോഗി കൈകാര്യം ചെയ്യുന്നത്. ഗ്രീക്കില്‍ നിന്നാണ് ആ വാക്കിന്റെ ഉത്ഭവം. കുട്ടിയെ നയിക്കുക എന്ന അര്‍ത്ഥം. പക്ഷെ ആ വാക്കിന് രസകരമായ ഒരു ചരിത്രമുണ്ട്. ഒരു കാലത്ത് പെഡഗോഗ് എന്നാല്‍ ഒരു കൂട്ടം അടിമകളായിരുന്നു. അവര്‍ തങ്ങളുടെ ഉടമകളുടെ കുട്ടികളെ കളരികളില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. കുട്ടികളുടെ കാര്യങ്ങള് നോക്കി നടത്തിപ്പോന്നവരായിരുന്നു അവര്. പെഡഗോഗി എന്ന വാക്കിന്റെ മൂലരൂപത്തില്‍ തന്നെ അടിമത്തത്തിന്റെ വേരുകള്‍ കാണാം എന്ന കാര്യം രസകരമല്ലേ. അത് അദ്ധ്യാപനത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും ഉള്‍ക്കൊണ്ടിരുന്ന ആശയം കൂടുതല് വിദ്യാര്‍ത്ഥിയോട് സൗഹാര്‍ദം പുലര്ത്തുന്നതായിരുന്നു. ഓരോ അദ്ധ്യാപകനും വിദ്യാര്‍ത്ഥിയുടെ അടിമയാണെന്ന മട്ടില്‍ തന്നെ. അറിവ് കൂടിയവന്‍ സ്വാഭാവികമായും അറിവിന്റെ നിലവാരത്തില്‍ താഴെ നില്‍ക്കുന്ന വിദ്യാര്‍ത്ഥി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും അവന്റെ ജ്ഞാനാത്മകമായ ആവശ്യങ്ങള്‍ക്കും ഒരു അടിമയെപ്പോലെ തന്നെ പെരുമാരേണ്ടി വരും. അറിവ് തിരയുന്നവന് മുന്നില്‍ അത് പകര്‍ന്നു നല്‍കാന്‍ ബാധ്യതയോടെ നില്‍ക്കുന്നവന്‍ ശരിക്കും ഒരു അടിമയുടെ മാനസികാവസ്ഥ ഉള്ളില്‍ പേറുന്നുണ്ട്. ജോലിയെ സംബന്ധിച്ച് യു ജി സി യുടെയോ സര്‍ക്കാരിന്റെയോ സര്‍വ്വകലാശാലയുടെയോ മാനെജ്മെന്റിനറെയോ ഒക്കെ ഉറപ്പ് മാറ്റി വച്ച്, വിദ്യാര്‍ത്ഥി നിങ്ങളുടെ അദ്ധ്യാപനത്തിന്റെ നിലവാരത്തെ സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ മാത്രം ബലത്തിലാണ് നിങ്ങളുടെ ജോലി നിലനില്ക്കുന്നത് എന്ന് കരുതുക. വിദ്യാര്‍ത്ഥിക്ക് മേല്‍ നിങ്ങള്‍ അടിച്ചേല്‍പ്പിചിരിക്കുന്ന അച്ചടക്കത്തിന്റെയും നിങ്ങളോട് കാണിക്കേണ്ട ഭാവ്യതയുടെയും ഭക്ത്യാദരങ്ങളുടെയും ഒക്കെ വാളുകള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്ന് കരുതുക. തികച്ചും സമശീര്‍ഷനായ ഒരു മനുഷ്യന്റെ വില നിങ്ങള്ക്ക് മുന്നില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിക്ക് നല്‍കികൊണ്ട് അദ്ധ്യാപനം നടത്താന്‍ ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോഴറിയാം ഓരോ അദ്ധ്യാപകനും എത്രമാത്രം തങ്ങളുടെ വിദ്യാര്‍ത്ഥിയുടെ അടിമയാണെന്ന്.
നമ്മുടെ സംസ്കാരം അദ്ധ്യാപകനിലൂടെ, അച്ചടക്കത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഏറ്റവും സൂക്ഷ്മവും അടിസ്ഥാനപരവും ആയ രൂപത്തെ വ്യക്തികളുടെ ഉള്ളില്‍ നിറക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ നമ്മെ ഇത് പ്രാപ്തരാക്കുന്നു. ഓരോ മനുഷ്യനും തനിക്ക് മുന്നില്‍ നില്‍ക്കുന്ന വ്യക്തിക്ക് മേല്‍ നേടാന്‍ ആഗ്രഹിക്കുന്ന മേല്‍ക്കോയ്മയുടെ ഉള്ളിലാണ് ആ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. വിദ്യാര്‍ത്ഥി യഥാര്‍ത്ഥത്തില്‍ അതിരുകളില്ലാത്ത ശക്തി അടങ്ങിയ ഒന്നാണ്. അവനു ആവശ്യത്തിന് അതിരുകളില്ല. എന്തും ചോദിച്ച് ഉള്ളില്‍ നിറക്കാം. അദ്ധ്യാപകന്‍ എന്നത് പക്ഷെ അറിവിന്റെ അതിരുകള്ക്കകത്ത് നിലനില്‍ക്കുന്നവനാണ്. അവര്‍ തമ്മിലുള്ള അധികാരയുദ്ധത്തിന് അദ്ധ്യാപകന് ഒരുപാട് തുണകള്‍ വേണം. അച്ചടക്കത്തിന്റെയും ഗുരുശാപത്തിന്റെയും അടക്കം ഒരു നൂറു വാളുകള്‍ പെഡഗോഗി നിര്‍മ്മിച്ചെടുക്കുന്നതങ്ങനെയാണ്. യഥാര്‍ത്ഥ വേരില്‍ നിന്നും പ്രായോഗിക അദ്ധ്യാപനം അദ്ധ്യാപകനെ ഉടമയുടെയും വിദ്യാര്‍ത്ഥിയെ അടിമയുടെയും അവസ്ഥയിലേക്ക് രൂപപ്പെടുത്തുകയായിരുന്നു എന്ന് കാണാം.
അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലെ അധികാര അവസ്ഥയുടെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന ഒരു മേഖല അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേലെ നടത്തുന്ന ലൈംഗിക അതിക്രമാത്തിന്റെതാണ്. ലൈംഗിക പീഢനത്തിന്റെ വേരുകള്‍ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഏതു തലത്തിലും നിലനില്‍ക്കുന്നുണ്ടെന്ന് നമുക്ക് തിരിച്ചറിയാനാകും. അദ്ധ്യാപകരോ വിദ്യാലയത്തിലെ മറ്റേതെങ്കിലും അധികാരികളോ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഏറ്റവും ആഴമേറിയ മുറിവുകള്‍ക്ക് കാരണമാവുകയും ജീവിതകാലം മുഴുവനും ഒരു പക്ഷെ അതിന്റെ വൈകാരിക ഭാരം ചുമക്കേണ്ടി വരികയും ചെയ്യും. അമേരിക്കന്‍ അസോസിയഷന്‍ ഓഫ് യൂനിവേഴ്സിറ്റി വിമെന്‍ എന്നാ സംഘടന നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് 83 ശതമാനം പെണ്‍കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഢനത്തിന് ഇരയാകുന്നുണ്ട് എന്നാണ്. ഇതില്‍ 37 ശതമാനവും അദ്ധ്യാപകരില്‍ നിന്നാനുണ്ടാകുന്നത് (ഇത് അമേരിക്കയിലെ മാത്രം കണക്കാണ്). ഇപ്പറയുന്ന ലൈംഗികപീഡനം മുഴുവനായും വലിയ തരത്തിലുള്ള ശാരീരിക പീഢനങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള കളിയാക്കലുകളും ഇതില്‍ പെടുന്നുണ്ട്. സ്കൂളുകളില്‍ നിലനിക്കുന്നതിനെക്കാള്‍ വളരെ രൂക്ഷമായ സ്ഥിതിയാണ് കോളേജുകളിലും യൂനിവേഴ്സിറ്റികളിലും നിലനിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് യാതൊരു തരത്തിലുള്ള അധികാരവും നിലനില്‍ക്കാത്ത, ഒരു തരത്തിലുള്ള പിന്തുണയും ലഭ്യമാകാത്ത ഒരു മേഖലയാണ് എന്നത് കൊണ്ട് തന്നെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ അതനുഭവിക്കുന്ന വ്യക്തികളില്‍ സൃഷ്ട്ടിക്കുന്ന മുറിവിന്റെ ആഴവും ഭാവിയില്‍ ഉണ്ടാക്കാവുന്ന വൈകാരിക പ്രശ്നങ്ങളുടെ രൂക്ഷതയും വര്ധിപ്പിക്കുന്നു.
വളരെ പ്രസക്തമായ ഒരു അവസ്ഥ മാത്രം നമുക്കിവിടെ ചര്‍ച്ച ചെയ്യാം. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ഇന്റെര്ണല്‍ അസ്സെസ്സ്മെന്റ്റ് എന്ന പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ നേരിട്ട് പഠിപ്പിക്കുന്നവര്‍ക്കാണ് അവരെ കൂടുതല്‍ നന്നായി വിലയിരുത്താനാവുക എന്നത് കൊണ്ട് അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെ നിരന്തരമായ മൂല്യ നിര്‍ണ്ണയം വഴി കുട്ടികളുടെ മാര്‍ക്കോ ഗ്രേയ്ഡോ നിര്ണയിക്കണം എന്നതാണ് ഇതിന്റെ പിറകിലുള്ള തത്ത്വശാസ്ത്രം. എക്സ്റ്റേണല് എക്സാമിനര്ക്ക് ഉണ്ടായിരുന്ന സ്വാധീനം പതിയെ പതിയെ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ കൈകളിലേക്ക് എത്തുകയാണ്. ഞാന്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍, എന്റെ ഇഷ്ട്ടത്തിന് വഴങ്ങിയില്ലെങ്കില്‍ എന്റെ കൈയ്യിലിരിക്കുന്ന അധികാരത്തിന്റെ ദണ്ട് ഞാന്‍ ഉപയോഗിക്കും എന്ന് ഓരോ അദ്ധ്യാപകനും പറയാതെ പറയാനുള്ള അവസരം ഇതുണ്ടാക്കി കൊടുക്കുന്നു. നമ്മുടെ അദ്ധ്യാപകര്‍ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് നിങ്ങള്ക്ക് വാദിക്കാം. പക്ഷെ ആ പ്രതീക്ഷ മാത്രമാണ് ഓരോ വിദ്യാര്‍ത്ഥിയെയും സംരക്ഷിക്കുന്നത് എന്നതാണ് സത്യം. സ്കൂളില്‍ നടക്കുന്ന ഇന്റെര്ണല്‍ അസ്സസ്സ്മെന്റിന്റെ കാര്യത്തില്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണങ്ങള് നടക്കുന്നുണ്ട്. പ്രായോഗികമായി ഇതു വിദ്യാര്ത്ഥിക്കും ഒരു മിനിമം മാര്‍ക്ക് നല്‍കാന്‍ ഓരോ അദ്ധ്യാപകനും ബാധ്യസ്തനാകുന്നുണ്ട്. പ്രായോഗികമായ ഒരു മാന്യത രൂപം കൊണ്ടിരിക്കുന്നു എന്ന് മാത്രമാണത്. സ്കൂളില്‍ കുട്ടികള്‍ കൂടുതല്‍ വിനീതരായി പെരുമാറുന്നതും തങ്ങളുടെ കൈയ്യിലെ അധികാര ദണ്ടിനെ രൂക്ഷമായി പ്രയോഗിക്കുന്നതില്‍ നിന്നും അദ്ധ്യാപനെ മോചിപ്പിക്കുന്നു. പക്ഷെ കോളേജ്, സര്‍വകലാശാലാ തലങ്ങളില്‍ ഇതിന്റെ പ്രയോഗം വളരെ കാര്യക്ഷമമാണ് എന്ന് കാണാവുന്നതാണ്. ചില സര്‍വകലാശാലാ ഡിപ്പാര്‍ത്ട്ട്മെന്റുകളില്‍ എക്സ്റ്റേണല് ഇവാല്യുവേഷന് എന്ന സംഗതി തന്നെ ഇപ്പോള്‍ ഇല്ല. പൂര്‍ണ്ണമായും പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ തന്നെ സിലബസ് നിശ്ചയിക്കുന്നു, ക്ലാസ്സ് എടുക്കുന്നു, ക്ലാസ്സിലെ കുട്ടിയുടെ പെര്‍ഫോമെന്‍സ് അനുസരിച്ച് അയാളെ നിരന്തര മൂല്ല്യനിര്ണയത്തിനു വിധേയമാക്കുന്നു. പരീക്ഷ നടത്തുന്നു, പേപ്പര്‍ നോക്കുന്നു, മാര്‍ക്കും ഗ്രേയ്ഡും നിശ്ചയിക്കുന്നു. മറ്റു വിദ്യാഭ്യാസ വ്യവസ്ഥകളിലെല്ലാം ഇരുപതു ശതമാനം വരെ മൂല്യനിര്‍ണ്ണയം മാത്രം ആന്തരികമായി നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇതുപോലെ പല ഉന്നത വിദ്യാഭ്യാസ മേഖലകളും പൂര്‍ണമായ ആന്തരിക മൂല്ല്യനിര്ണയത്തിലേക്ക് കൂടുമാറിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ക്ക് മറ്റുള്ള താഴെ തലങ്ങളെ അപേക്ഷിച്ചു യാതൊരുതരത്തിലുള്ള സ്വാധീനവും ഇല്ല. വിദ്യാര്‍ത്ഥികളാണെങ്കില്‍ തങ്ങളുടെ ഭാവിയെ സംബന്ധിച്ച്, അതിനെ നിര്‍ണ്ണയിക്കുന്ന ഗ്രേയ്ഡുളെ സംബന്ധിച്ച് ഒക്കെ കൂടുതല്‍ ശ്രദ്ധാലുക്കളും ഭയം ഉള്ളില്‍ കൊണ്ടുനടക്കുന്നവരും ആകും. ഇതെല്ലാം ചേര്‍ന്ന് അദ്ധ്യാപകനെ പൂര്‍ണ്ണമായും വിദ്യാര്‍ത്ഥിയുടെ ഉടമയാക്കി മാറ്റുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മബലത്തെ പൂര്‍ണ്ണമായും ഒരു അടിമയുടേതിനോട് തുല്ല്യമാക്കിതീര്‍ക്കുന്നതിന് ഈ അവസ്ഥകള്‍ വലിയ പങ്കു വഹിക്കുന്നു.
കേരളത്തില്‍ ഇന്ന് ജോലിചെയ്യുന്ന അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും ലക്ഷങ്ങള്‍ കോഴ കൊടുത്ത് അദ്ധ്യാപകവൃത്തി വിലക്ക് വാങ്ങിയവരാണ്. പരീക്ഷ എഴുതി അദ്ധ്യാപകരായവരും മറ്റുള്ളവരില്‍ നിന്നും ഒട്ടും ഭിന്നമല്ല എന്ന് നമ്മുടെ അനുഭവങ്ങള്‍ പറഞ്ഞു തരും. അദ്ധ്യാപകന്‍ എന്നത് അറിവിന്റെ നിറഞ്ഞ അവസ്ഥകൊണ്ട് ദൈവതുല്യമായ ഗുരുപ്രഭാവം ആര്‍ജിച്ച ആളാണെന്നത് തികച്ചു സാങ്കല്‍പ്പികമായ ഒരു അവസ്ഥയാണ്. നിങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുന്ന ഓരോ അദ്ധ്യാപകനും വെറും മനുഷ്യനാണ്. അയാള്‍ക്ക് സ്വഭാവ വൈകല്ല്യങ്ങളുണ്ട് ജീവിത പ്രശ്നങ്ങളുണ്ട്, ദാമ്പത്യ പൊരുത്തക്കേടുകളുണ്ട്, ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരുപാട് അഭിനിവേശങ്ങളുണ്ട്. മറ്റേതൊരു മനുഷ്യനെപ്പോലെയും അയാള്‍ അനവധി വൈകാരിക വിക്ഷോഭങ്ങള്‍ക്ക് വിധേയനാണ്. ഇത്തരം അദ്ധ്യാപകനാണ് നിങ്ങള്‍ ഉടമത്വത്തിന്റെ മുദ്രയും വാളും നല്‍കി അടിമയെപ്പോലെ വിദ്യാര്‍ത്ഥികളെ അവര്‍ക്ക് മുന്നിലേക്ക് അയക്കുന്നത്.
കൂടുതല്‍ കൂടുതല്‍ സ്വാശ്രയവല്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രഫഷണല്‍ വിദ്യാഭ്യാസ മേഖല വിദ്യാര്‍ത്ഥിയുടെ അടിമവല്‍ക്കരണത്തെ കൂടുതല്‍ രൂക്ഷമായ തലത്തില്‍ എത്തിച്ചിരിക്കുന്നു എന്ന് നമുക്ക് തിരിച്ചറിയാനാകും. അദ്ധ്യാപകന്‍ ഇവിടെ പലപ്പോഴും മാനേജ്മെന്റിന്റെ വെറും ജോലിക്കാരെപ്പോലെ പെരുമാറുന്നത് നമുക്ക് കാണാനാകും. അവിടെ പലപ്പോഴും മാനേജ്മെന്റ് അധികാരികള്‍ ആണ് യഥാര്‍ത്ഥ ഉടമയുടെ സ്വഭാവം പ്രദര്‍ശിപ്പിക്കുക. അടിമകളെ ചൂഷണം ചെയ്യാനുള്ള ഉടമകളുടെ കൂലിക്കാരുടെ റോള്‍ ആണ് ഇത്തരം കോളേജുകളിലെ അദ്ധ്യാപകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍ നമ്മള്‍ ഒരു കോഴ്സിനായി ഒരു സ്വാശ്രയ മാനേജ്മെന്റ് കോളേജില്‍ തലവച്ചു കഴിഞ്ഞാല്‍ ഒരു തരത്തില്‍ നമ്മള്‍ ഒരു വലിയ അടിമയായി സ്വയം സമര്‍പ്പിക്കുന്നതിനു തുല്ല്യമായി ചിന്തിച്ചു പോകുന്ന ഒരുപാടാള്‍ക്കാര്‍ നമുക്കിടയില്‍ ഉണ്ട്. പരാധീനതയ്ക്കകത്ത്, പീഢനങ്ങള്ക്കകത്ത്, ശബ്ദം ഉയര്‍ത്താന്‍ പോലുമാവാതെ കഴിച്ചു കൂട്ടുക. ഒരു തരത്തില്‍ വലിയൊരു തടവറയോ അടിമത്തത്തിന്റെ വര്‍ത്തമാനകാല അവസ്ഥയോ അല്ലാതെ പിന്നെ എന്താണത്. അതില്‍ നിന്നും തലയൂരാന്‍ ആ കോഴ്സ് അവസാനിപ്പിക്കാം എന്ന് കരുതിയാല്‍, ആദ്യം സമര്‍പ്പിച്ച സര്ട്ടിഫികെറ്റുകള്‍ തിരികെകിട്ടാന്‍ മൊത്തം കോഴ്സിന്റെയും ഫീസ് നല്‍കണം എന്ന വ്യവസ്ഥകളിലൂടെ നിങ്ങള്‍ ഞങ്ങളുടെ അടിമയാണെന്ന് മനേജ്മെന്റ് നമ്മെ ഓര്മ്മിപ്പിച്ചുകൊണ്ടിരിക്കും.
ഇപ്പറഞ്ഞതിനെക്കാളൊക്കെ കൂടുതല് നമ്മെ അടിമ-ഉടമ ബന്ധത്തെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു മേഖലയാണ് ഗവേഷണത്തിന്റേത്. അദ്ധ്യാപകനോട് വിദ്യാര്‍ത്ഥിക്കുള്ള ആശ്രയത്ത്വം മറ്റേതൊരു വിദ്യാഭ്യാസ വ്യവസ്ഥയിലേതിനെക്കാളും ഇവിടെ കൂടുതലാണ്. മറ്റുള്ള ഏതു വിദ്യാഭ്യാസ വ്യവസ്ഥയിലെതിനെക്കാലും ഇവിടെ കോര്ഴ്സ് തീരാണോ വേണ്ടയോ, എപ്പോള്‍ തീരണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പലപ്പോഴും അദ്ധ്യാപകന്‍ അതോററ്റി ആണ്. അയാളുടെ വാക്കുകള്ക്കപ്പുറത്തുള്ള യാത്രകളും ചിന്തകള്‍ പോലും ആ അതോററ്റിയുടെ വാളുകൊണ്ട് അരിയപ്പെട്ടേക്കാം. ലൈംഗികമായ പീഡനം എന്നത് ഗവേഷണ മേഖലയില്‍ ഏറ്റവും അവസാനം മാത്രമാണ് ഉണ്ടാകുന്നത് എന്ന് നിങ്ങള്ക്ക് വേണമെങ്കില്‍ വാദിക്കാം. പക്ഷെ പൂര്‍ണ്ണമായ അധികാരത്തിന്റെ ആള്‍ രൂപം എന്ന നിലയില്‍ നില്‍ക്കുന്നതുകൊണ്ട് തന്റെ വിദ്യാര്‍ഥിക്ക് മേല്‍ എത്ര നിന്ദ്യമായ തരത്തിലുള്ള അധികാര പ്രയോഗങ്ങള്‍ക്കും തയ്യാറാകുന്ന അദ്ധ്യാപകരെ നമുക്ക് ഈ മേഖലയില്‍ കണ്ടെത്താനാകും. തന്റെ ഭാവിയും വര്‍ത്തമാനവും പൂര്‍ണ്ണമായും ഈ മനുഷ്യന്റെ ഒപ്പിന്റെ ബലത്തിലാണ് നിലനില്‍ക്കുന്നത് എന്നത് കൊണ്ട് തന്നെ പല സാഹചര്യങ്ങളും പൂര്‍ണമായ നിശബ്ദതയാല്‍ സീല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. മറ്റേതു തൊഴില്‍ മേഖലയില്‍ നിന്നും, ജീവിത സാഹചര്യങ്ങളില്‍ നിന്നും, ഇത്തരത്തിലുള്ള പീഢനത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ സത്യസന്ധമായി നിങ്ങള്ക്ക് ശേഖരിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അതിനെ കുറിച്ചും പഠിക്കാന്‍ ബാധ്യസ്ഥമായ മേഖല ഒരിക്കലും ഈ കാര്യത്തെ സംബന്ധിച്ച് സത്യസന്ധമായ അറിവിനെ പുറത്തു വിടാന്‍ തയ്യാറാവുകയില്ല. കാരണം അത്തരത്തില്‍ ഒരു പഠനം പൂര്‍ണമായും ആ വ്യവസ്ഥയുടെ നിലനില്പ്പിനാധാരമായ സാഹചര്യങ്ങളെ ആണ് പുറംലോകത്തിന് ദ്രശ്യമാക്കുക.
പ്രഫസറുടെ ഇഷ്ട്ക്കേട് സമ്പാദിക്കേണ്ടി വന്നത് കൊണ്ട് രണ്ടു വര്‍ഷമായി എന്റെ ഫെല്ലോഷിപ്പിനുള്ള ബില്ലില്‍ ഒപ്പ് കിട്ടിയിട്ടില്ലെന്ന് ഒരു ഗവേഷണ വിദ്യാര്‍ത്ഥിക്ക് രഹസ്യത്തില്‍ മാത്രം പറയേണ്ടി വരുന്നു. പ്രഫസറുടെ ഇഷ്ട്ക്കെടിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഞാന്‍ അയാളുടെ വീട്ടിലേക്ക് പച്ചക്കറി വാങ്ങാന്‍ സ്ഥിരം പോകുന്നതെന്ന് ഒരു ഗവേഷണ വിദ്യാര്‍ത്ഥിക്ക് സ്വന്തം ഉള്ളില്‍ മാത്രം പറയാനാകുന്നു. ഗവേഷണ കാലത്ത് ഞാന്‍ ചെയ്തത് സ്വന്തം പണികളേക്കാള്‍ കൂടുതല്‍ പ്രഫസറുടെ അടിമവേലകളാണെന്ന് ഓര്‍ത്ത് ഒരു ഗവേഷണ വിദ്യാര്‍ഥിക്ക് തലതാഴ്ത്തി നില്‍ക്കേണ്ടി വരുന്നു. പരസ്യമായോ രഹസ്യമായോ യാതൊരു മനുഷ്യത്വവും ഇല്ലാത്ത തരത്തിലുള്ള ഭീഷണികളോടും മാനസികമായി നടത്തുന്ന അതിക്രമങ്ങളോടും എല്ലാം ഒരു അടിമയുടെ മനോഭാവത്തോടെയാണ് ബഹുഭൂരിപക്ഷം ഗവേഷണ വിദ്യാര്‍ത്ഥികളും പ്രതികരിക്കുന്നത്. ലൈംഗികമായ ആകര്‍ഷണത്തെ മുന്‍നിര്‍ത്തി നടത്തുന്ന വശീകരണത്തെയും പരസ്യമായോ രഹസ്യമായോ നല്‍കുന്ന പ്രത്യേക പരിഗണനയോ അവഗണനയോ എല്ലാം ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് മറ്റൊരു വിഭാഗവും കാണിക്കാത്തത്ര അടിമത്തമനോഭാവത്തോടെയാണ്.
നിറഞ്ഞ സ്നേഹത്തോടെയും ഒരു വ്യക്തിക്ക് നല്‍കേണ്ട പൂര്‍ണ്ണ ബഹുമാനത്തോടെയും തന്റെ വിദ്യാര്‍ത്ഥികളോട് പെരുമാറുന്ന അനേകം അദ്ധ്യാപകരെ മറന്നു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. പക്ഷെ അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തില്‍ വളരെ സ്വാഭാവികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈകാരിക ബലാബലം അടിമ-ഉടമ ബന്ധത്തോട് സമാനമായ ഒന്നാണ്. അതുകൊണ്ടുതന്നെ വളരെ ആത്മാര്‍ത്ഥമായ മനുഷ്യത്വബോധവും അടിയുറച്ച ജനാധിപത്യ കാഴ്ചപ്പാടും (കപടമാല്ലാത്തത്) ഉള്ളില്‍ ഉള്‍ക്കൊള്ളാത്ത ഏതു മനുഷ്യനും അദ്ധ്യാപകന്റെ കുപ്പായത്തിനുള്ളില്‍ കയറി നിന്നാല്‍ തന്റെ വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അടിമയുടെ തരത്തിലുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യും. തന്റെ നിയന്ത്രണത്തിലും അധികാരത്തിനു കീഴിലും ആയി കുറച്ചു മനുഷ്യരെ പതിച്ചുകിട്ടിയാല്‍ ഒരു പക്ഷെ ഏതു ദുര്‍ബലനായ മനുഷ്യനും ഭീകരനായ പീഢകനായി മാറും എന്ന് മനശാസ്ത്രം നമുക്ക് പറഞ്ഞു തരും.
സ്റ്റാന്റ്ഫോര്‍ഡ് സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞ്ന്‍ ഫിലിപ്പ് സിമ്പാര്ഡോ (Philip Zimbardo) 1971-ലില്‍ 24 വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി. സ്റ്റാന്റ്ഫോര്‍ഡ് മനശാസ്ത്ര ബ്ലോക്കില്‍ ഒരു മോക്ക് ജയില്‍ ഉണ്ടാക്കി, ആ വിദ്യാര്‍ത്ഥികളെ തടവുകാരും കാവല്‍ക്കാരുമായി വേര്‍തിരിച്ച് പാര്‍പ്പിച്ചു. ഓരോരുത്തരും തങ്ങള്‍ക്ക് നല്‍കിയ റോള്‍ അനുസരിച്ച് പെരുമാരിക്കൊള്ളാന്‍ പറഞ്ഞു. എല്ലാവരെയും നിരീക്ഷിക്കാന്‍ ക്യാമറകള്‍ വച്ചു. ഈ പരീക്ഷണം ഇന്നും മനശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷണമായി വിലയിരുത്തപ്പെടുന്നു. പരീക്ഷണത്തിന്റെ ഫലങ്ങള്‍ വളരെ കൗതുകകരമായിരുന്നു. ഒരു തരത്തില്‍ ഭയാനകവും. പരീക്ഷകനായ സിമ്പാര്ഡോ പ്രതീക്ഷിച്ചതിനെക്കാളൊക്കെ കടന്ന തരത്തിലാണ് ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ റോളുകള്‍ കൈകാര്യം ചെയ്തത്. മനുഷ്യ സ്വഭാവത്തിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത അഗാധതകളിലേക്കും ഇരുട്ട് മൂടിക്കിടന്ന മേഖലകളിലേക്കും ആണ് ഈ പരീക്ഷണം നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്. കാവല്‍ക്കാരുടെ റോളുകള്‍ ഏറ്റെടുത്തവര്‍ അവര്‍ക്ക് നല്‍കിയ നിയമങ്ങളുടെ ബലത്തില്‍ തടവുകാരുടെ റോള്‍ ഏറ്റെടുത്തവര്‍ക്ക് മേല്‍ വളരെ സ്വാഭാവികമായി അധികാരം പ്രയോഗിക്കാന്‍ തുടങ്ങി. പതുക്കെ കാവല്‍ക്കാര്‍ തങ്ങള് പറഞ്ഞത് അനുസരിക്കുന്നില്ലെന്നും തങ്ങളെ ബഹുമാനിക്കുന്നില്ലെന്നും തോന്നുന്ന തടവുകാരെ ശാരീരികമായി തന്നെ പീഡിപ്പിക്കാന്‍ തുടങ്ങി. അധികാരത്തിന്റെ ബലത്തില്‍ ചിലര്‍ ലൈംഗിക പീഢനത്തിനു വരെ തുനിഞ്ഞു. തടവുകാരാനണെങ്കില്‍ പതിയെ പതിയെ തങ്ങളുടെ അവസ്ഥയെ ഉള്‍ക്കൊള്ളുകയായിരുന്നു. പീഢനങ്ങളെയും നിയമങ്ങളെയും ഭയന്ന് അവര്‍ യഥാര്‍ത്ഥ തടവുകാരന്റെ മാനസികാവസ്ഥ ആര്ജിച്ചെടുത്തു. തങ്ങള്‍ക്കു മേലുള്ള പീഢനങ്ങളെ പ്രധിഷേധമില്ലതെ സ്വീകരിക്കാന്‍ പല തടവുകാരും തയ്യാറായി. പീഢനങ്ങളെ ഭയന്ന് പ്രധിഷേധിക്കാന്‍ തയ്യാരായവരെ മറ്റുള്ളവര്‍ എതിര്‍ത്തുകൊണ്ടിരുന്നു. ജയില്‍ സുപ്രണ്ടിന്റെ റോള്‍ കൈകാര്യം ചെയ്തത് ഫിലിപ്പ് സിമ്പാര്ഡോ നേരിട്ടായിരുന്നു. ഏറ്റവും രസകരമായ കാര്യം ഫിലിപ്പ് സിമ്പാര്ഡോ തന്നെ തന്റെ മനശാസ്ത്രജ്ഞന്റെ റോള്‍ മറന്ന് പലപ്പോഴും ഒരു യഥാര്‍ത്ഥ ജയില്‍ സുപ്രണ്ടിന്റെ പോലെ തടവുകാരെ പീഡിപ്പിക്കുന്നതിന് കാവല്‍ക്കാരെ അനുവദിച്ചു. പീഢനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രൂക്ഷത അധികരിച്ചപ്പോള്‍, ആറു ദിവസം കഴിഞ്ഞപ്പോള്‍ പരീക്ഷണം അവസാനിപ്പിക്കുകയായിരുന്നു. 2010-ത്തില്‍ പുറത്തിറങ്ങിയ പോള്‍ ഷ്യൂറിങ്ങ് (Paul Scheuring) സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമ The Experiment ഈ പരീക്ഷണത്തെ ഒരു നേരനുഭവമായി നമുക്ക് മുന്നില്‍ എത്തിക്കുന്നു. അത് കാണുന്ന ഓരോ ആള്‍ക്കും നിയമങ്ങളുടെയും അധികാരത്തിന്റെയും പിന്ബലമുണ്ടെങ്കില്‍ താനും ഒരു പീഢകനായിപ്പോക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നോര്‍ത്ത് ഭയപ്പെടെണ്ടിവരുന്നു.
മനുഷ്യ സ്വഭാവത്തിന്റെ വളരെ അടിസ്ഥാനപരമായ പല ഭാവങ്ങളും അതിന്റെ വിശദീകരങ്ങളും നമുക്ക് ഈ പരീക്ഷണത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഒരു തരത്തില്‍ അടിമയും ഉടമയും ആയി മനുഷ്യരെ തരംതിരിച്ച ഒരു വ്യവസ്ഥയിലേക്ക് എത്ര സ്വതന്ത്രമായ ബോധമുള്ളവരും എത്തിപ്പെട്ടാല്‍ പതിയെ പതിയെ അധികാരത്തിന്റെ രൂക്ഷമായ ബാലാബലങ്ങള്‍ നമ്മെ അതിക്രൂരന്മാരായ പീഢകരാക്കി മാറ്റും. അടിമയുടെ മനസ്ഥിതി സ്വീകരിക്കേണ്ടി വരുന്നവര്‍ തങ്ങളുടെ അസ്വാതന്ത്രതിന്റെ അവസ്ഥയോട് പതിയെ മാനസിക ഐക്ക്യം സ്വരൂപിക്കുകയും ഒരു യഥാര്‍ത്ഥ അടിമയാകുകയും ചെയ്യും. ഇത്തരത്തിലുള്ള മാനസിക ഐക്ക്യപ്പെടലിനെ cognitive dissociation എന്ന തിയറി കൊണ്ട് മനശാസ്ത്രം വിശദീകരിക്കുന്നു. സ്വന്തം ജീവിതത്തില്‍ സൃഷ്ടിക്കപ്പെടുന്ന മാനസികമായ പൊരുത്തക്കേടുകള്‍ പരിഹരിക്കാനായി മനുഷ്യര്‍ക്ക് ശക്തമായ ആന്തരിക പ്രേരണ നിലനില്‍ക്കുന്നുണ്ട് എന്ന് ആ തിയറി പറയുന്നു. നിരന്തരം ചാടിയിട്ടും മുന്തിരി പറിക്കാന്‍ പാറ്റാതിരുന്ന കുറുക്കന്‍ അവസാനം ഈ മുന്തിരിക്ക് ഭയങ്കര പുളിയാണ്, എനിക്ക് വേണ്ടാ എന്ന് പറഞ്ഞ് ശ്രമം അവസാനിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്. നിങ്ങള്‍ അദ്ധ്യാപകന്‍ എന്ന തരത്തില്‍ വിദ്യാര്‍ത്ഥിയുടെയോ, മേലുദ്യോഗസ്ഥന്‍ എന്ന തരത്തില്‍ കീഴെ ജോലി എടുക്കുന്നവരുടെയോ ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യയുടെയോ ആണ് എന്ന തരത്തില്‍ പെണ്ണിന്റെയോ മുതിര്‍ന്നയാള്‍ എന്ന തരത്തില്‍ കുട്ടികളുടെയോ കേവലമായ മനുഷ്യാവകാശത്തെ ലംഘിക്കുമ്പോള്‍, നിയമങ്ങള്‍, എന്നില്‍ അര്‍പ്പിതമായ കടമകള്‍ സാമൂഹികമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥകള്‍ നാട്ടുനടപ്പുകള്‍ തുടങ്ങിയ ഒട്ടനവധി ന്യായങ്ങള്‍ നിങ്ങളുടെ ഓരോ ചെയ്തികളെയും ന്യായീകരിക്കാന്‍ എത്തുന്നതിങ്ങനെയാണ്. സിഗററ്റ് വലിച്ചാല്‍ ആയുസ്സ് കുറയും എന്നറിഞ്ഞിട്ടും അങ്ങനെ ഒരുപാട് കാലം ജീവിച്ചിരിക്കണം എന്നെനിക്കാഗ്രഹമില്ല എന്ന് ന്യായം പറഞ്ഞും വലിതുടരുന്നത് പോലെ തന്നെ. അടിമയുടെ മനോഭാവത്തില്‍ നിന്നുകൊണ്ട് പീഢനങ്ങളെ അനുഭവിക്കാന്‍ തയ്യാറാകുന്നതും ഈ മാനസിക പ്രേരണയുടെ പിന്ബലത്തിലാണ്. നമ്മള്‍ പെണ്ണുങ്ങള് അല്ലെ, കുഞ്ഞുങ്ങള്‍ അല്ലെ, വിദ്യാര്‍ത്ഥിയല്ലെ, കീഴ് ജീവന്ക്കാരല്ലെ എന്ന ശബ്ദങ്ങള്‍ നമ്മുടെ അടിമത്തത്തെ നിരന്തരം സ്ഥാപിച്ചുകൊണ്ടിരിക്കും.
നമ്മുടെ സംസ്കാരം മനുഷ്യന്റെ സ്ഥാനത്തെ മേല്-കീഴ് അവസ്ഥകളിലൂടെ നിര്‍വചിക്കുന്നതില്‍ പൂര്‍ണമായ സംതൃപ്തി നേടിയ ഒന്നാണ്. മനുഷ്യര്‍ തമ്മിലുള്ള അധികാരദൂരം ഏറ്റവും കൂടുതലും ശക്തവുമായി നിലനില്‍ക്കുന്നതും അധികാരത്തിന്റെയും അതോററ്റിയുടെയും അഭിമാനത്തിന്റെയും നില കൊണ്ട് മനുഷ്യര്‍ തമ്മിലുള്ള അകലം അളക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കാണിക്കുന്ന സമൂഹവും ഇന്ത്യന്‍ ജനതയുടെതാനെന്ന് മനുഷ്യരുടെ നേതൃത്ത്വ സ്വഭാവത്തെ കുറിച്ച് ആഗോള തലത്തില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അധികാരത്തിന്റെ ഈ ശ്രേണീബദ്ധത നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ അടിത്തറയായ കുടുംബത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന ആണിന്റെ സ്വത്തായ മറ്റു കുടുംബാംഗങ്ങളെല്ലാം അധികാരത്തിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ താഴെ തട്ടുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ പൊതു ജീവിതത്തിലേക്കെത്തുമ്പോള് ഈ ശ്രേണീബദ്ധത ജാതി വ്യവസ്ഥയുടെ രൂപത്തില്‍ മനുഷ്യരുടെ അധികാരത്തെയും അവകാശങ്ങളെയും നിര്‍വചിച്ചു നിര്‍ത്തുന്നു. അധികാരത്തിന്റെ ഈ മുകളില്‍ നിന്നും താഴേക്കുള്ള കിടപ്പ് നമ്മുടെ സമൂഹത്തിലെ പൊതു വ്യവഹാരങ്ങളെ മുഴുവനും അടിമ ഉടമ മാനസികാവസ്ഥയുടെ ബലത്തില്‍ രൂപപ്പെടാന്‍ സാഹചര്യമോരുക്കി എന്ന് പറയാം.
അധികാരത്തിന്റെ മുകളില്‍ നിന്നും താഴോട്ടുള്ള ഈ ഒഴുക്കിന‌് മനുഷ്യര്‍ പരസ്പരം നടത്തുന്ന പീഢനങ്ങളില്‍ വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍ നടത്തുന്ന പീഢനങ്ങളില്‍ ഏറ്റവും സൂക്ഷ്മവും കാര്യക്ഷമവും ആയ ഭാഗം കൈകാര്യം ചെയ്യുന്നത് അധികാരം തന്നെയാണ്. ലൈംഗിക പീഢനങ്ങള്‍ പലപ്പോഴും നാം കാണുക ലൈംഗിക സംതൃപ്തിക്കായുള്ള മനുഷ്യന്റെ ശ്രമങ്ങളായിട്ടാണ്. പക്ഷെ ലൈംഗികപീഢന ശ്രമങ്ങള്‍ക്ക് ലൈംഗികതയുമായി കാര്യമായ ബന്ധം ഒന്നും ഇല്ല എന്നാണ് തിരിച്ചരിയപ്പെട്ടിട്ടുള്ളത്. അത് പൂര്‍ണമായും അധികാരത്തിന്റെ ബലാബല പ്രയോഗം മാത്രമാണ്. ഇത് വ്യക്തമാക്കുന്ന അനേകം ശാസ്ത്രീയ പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഓരോ ചെറിയ ലൈംഗിക പീഢന ശ്രമങ്ങളും ഓരോ ചെറിയ ബലാല്‍സംഗ ശ്രമങ്ങള്‍ ആണ്. ഓരോ ബലാല്‍സംഗവും ലൈംഗികതയെക്കള്‍ കൂടുതല്‍ അധികാരം നഷ്ടപ്പെടുന്നതിലുള്ള ഭയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. പീഢനങ്ങള്‍ എപ്പോഴും പ്രയോഗിക്കപ്പെടുന്നത് ഞാന്‍ നിന്നെക്കാള്‍ അധികാരം കൂടിയ ആളാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമാണ്. അധികാരത്തിന്റെ നിലയില്‍ മുകളില്‍ നില്‍ക്കുന്നയാള്‍ താഴെ തട്ടില്‍ നില്‍ക്കുന്നയാളെ ലൈംഗിക വേഴ്ച്ചയിലെക്കെത്തിക്കാന്‍ പാകത്തിന് വശീകരണശ്രമങ്ങള്‍ നടത്തുന്നത് പോലും തന്റെ അധികാരത്തിന്റെ ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നത് കൊണ്ടാണെന്ന് ഈ പഠനങ്ങള്‍ തിരിച്ചറിയുന്നു.
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ സമീപിക്കുന്ന രീതിയെ, മേലുദ്യോഗസ്ഥന്‍ കീഴ്ജീവനക്കരെ സമീപിക്കുന്ന രീതിയെ, ഭര്‍ത്താവ് ഭാര്യയെ, ആണ് പെണ്ണിനെ മുതിര്‍ന്നവര്‍ കുട്ടികളെ സമീപിക്കുന്ന രീതിയെ ഒക്കെ പൂര്‍ണമായും അധികാരത്തിന്റെ വഴികളിലൂടെ നാം പഠിക്കേണ്ടതും മനസിലാക്കേണ്ടതുമുണ്ട്. മേല്ജാതിക്കാരനും കീഴ്ജാതിക്കാരനും തമ്മിലുള്ള ബന്ധത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അടിമയും ഉടമയും തമ്മിലുള്ള ആ മാനസിക വ്യവഹാരങ്ങള്‍. നമ്മുടെ സംസ്കാരം അതീവ പവിത്രം എന്ന് പറഞ്ഞു ഷോ കേസില്‍ സ്ഥാപിച്ചിട്ടുള്ള ഓരോ ബന്ധങ്ങളിലും അധികാരത്തിന്റെ ഈ അടിമ ഉടമ ബന്ധം നമുക്ക് തിരിച്ചറിയാനാകും.
നാം ജനാധിപത്യ ഭരണ സംവിധാനത്തിലേക്ക് കൂടുമാറിയതോടെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഈ മാനസികാവസ്ഥയുടെ സ്വാധീനത്തെ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. ജനാധിപത്യം എന്നാല്‍ കേവലം ഒരു ഭരണ വ്യവസ്ഥ മാത്രമല്ല. ഒരു ഭരണ വ്യവസ്ഥ എന്ന നിലയില്‍ അത് പ്രായോഗികമായ ഒരു വിജയമായി തീരുന്നത് ഓരോ വ്യക്തിയും തന്റെ വ്യക്തിജീവിതത്തില്‍ ജനാധിപത്യപരമായ് ഇടപെടലുകള്‍ക്ക് തയ്യാറാകുമ്പോള് മാത്രമാണ്. സ്വതന്ത്രവും സമത്വാധിഷ്ടിതവുമായി വ്യക്തികള്‍ പരസ്പരം ഇടപെടാന്‍ തുടങ്ങുമ്പോള്‍ ആണ് ജനാധിപത്യം ഏറ്റവും സൂക്ഷ്മാര്‍ത്ഥത്തില്‍ സാധ്യമാകുന്നത്. അവനവന്റെ ചിന്തകളും പ്രാവീണ്യങ്ങളും വ്യത്യസ്ത ശേഷികളും ക്രീയാത്മകമായി ആവിഷ്കരിക്കാനുള്ള സാധ്യതയും സാഹചര്യവും ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ സൃഷ്ട്ടിക്കപ്പെടേണ്ടതുണ്ട്. മറ്റുള്ളവന്റെ കഴിവുകളെ ബഹുമാനിക്കുക എന്നത് ഇതിനെ സാധ്യമാക്കുന്ന ഏറ്റവും പ്രാഥമികമായ ഘടകമാകുന്നു. തോന്നിയ മട്ടിലുള്ള അധികാര പ്രയോഗത്തില്‍ നിന്നുമുള്ള സംരക്ഷണവും അവനവന്റെ അവസ്ഥയെയും സാഹചര്യത്തെയും നിര്‍ണ്ണയിക്കാനുള്ള പ്രക്രിയയില്‍ പ്രാഥമികമായ പങ്കാളിത്തവും എല്ലാം ചേരുമ്പോഴേ ജനാധിപത്യം സമ്പൂര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യമാവൂ. സാമൂഹിക ജീവിതത്തില്‍ നാം പുലര്‍ത്തുന്ന ജനാധിപത്യബോധത്തിന് നമ്മുടെ കുടുംബവ്യവസ്ഥ വലിയ സ്വാധീനമായിരുന്നു. ശ്രേണീ ബദ്ധമായി അധികാരം താഴോട്ട് വരുന്ന ആ വ്യവസ്ഥ പക്ഷെ പൂര്‍ണമായും ജനാധിപത്യ വിരുദ്ധമായ ഒരു മാനസികാവസ്ഥയെ നമ്മില്‍ സൃഷ്ട്ടിച്ചെടുക്കുന്നു. ഇന്ന് കുടുംബവ്യവസ്ഥയേക്കാള്‍ നമ്മുടെ ബോധ-ഉപബോധങ്ങളെ സ്വാധീനിക്കുന്ന തലത്തില്‍ വിദ്യാഭ്യാസ വ്യവസ്ഥ സമൂഹത്തില്‍ ശക്തമാണ്. അടിമയുടെ തരത്തില്‍ വിദ്യാര്‍ത്ഥിയെ വീക്ഷിക്കുന്ന അത് തലമുറകളിലൂടെ അടിമത്തത്തെ മാത്രമല്ല പടിപ്പിച്ചുകൊണ്ടിരുക്കുന്നത്. ജീവിതത്തിന്റെ സമഗ്രതയില്‍ നാം അഭ്യസിക്കേണ്ട ജനാധിപത്യ കാഴ്ചപ്പാടുകളെ അത് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. ഓരോ അദ്ധ്യാപകന്റെയും അധികാരപ്രയോഗത്തിന്റെ പ്രാഥമിക ന്യായം മുന്‍തലമുറയിലെ അദ്ധ്യാപകനാവും. ഓരോ മനുഷ്യനും ജീവിതത്തില്‍ പലപ്പോഴും വലിയ മോഡല്‍ ആക്കുന്നത് അധികാരം ഏറ്റവും ശക്തമായി അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ തനിക്ക് മുന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകനെ ആവും. ജീവിതത്തിന്റെ ബാക്കി ഏതു മേഖലയിലും ജനാധിപത്യ വിരുദ്ധമായി പെരുമാരാനാണ് നമ്മുടെ ഗുരു ശിഷ്യ ബന്ധങ്ങള്‍ നമ്മെ പ്രാഥമികമായും അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്നത്. നാം പഠിച്ചുവരുന്ന ഗുരു-ശിഷ്യ ബന്ധം പ്രാഥമികമായി തന്നെ ജനാധിപത്യത്തെ നിഷേധിച്ചുകൊണ്ടാണ് നമ്മുടെ മനസുകളെ രൂപപ്പെടുത്തുന്നത്.
അധികാരത്തിന്റെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുകയും വ്യക്തിബോധം സ്ഥാപിച്ചെടുക്കുകയും ചെയ്യുംമ്പോഴേ ഓരോ മനുഷ്യനും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാകൂ. നമ്മുടെ ജീവിതത്തില്‍ പല സാഹചര്യങ്ങളിലും നാം അടിമകളെപ്പോലെയാണ് പെരുമാറുന്നത് എന്ന തിരിച്ചറിവ് തന്നെ നമ്മുടെ ജീവിതത്തിലേക്ക് ഉള്ള ജാലകം തുറക്കലായിരിക്കും. ആ അടിമത്തത്തെ മാനസികമായ തലത്തില്‍ പൊരുതി തോല്പ്പിക്കുമ്പോഴേ ഓരോരുത്തരും സൂക്ഷ്മാര്ത്ഥത്തില്‍ മനുഷ്യാവസ്ഥ ആര്ജിക്കൂ.
*****************************************************************
No comments:
Post a Comment